കൊച്ചി: വീര്യം കുറഞ്ഞ മദ്യോത്പാദന നീക്കം യുഡിഎഫ് തള്ളണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. ജനവികാരത്തെ മറികടന്ന് ഒരു മുന്നണിക്കും സര്‍ക്കാരിനും ജനവിരുദ്ധ നയത്തിനോട് കൂറ് പുലര്‍ത്താനാകില്ല.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചു വിതരണം ചെയ്താല്‍ വിദ്യാര്‍ഥികള്‍പോലും ഈ വിപത്തില്‍ ചെന്നുപെടാനുള്ള സാധ്യതയുണ്ടെന്ന, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നല്കിയ റിപ്പോര്‍ട്ടിനെ ഈ സര്‍ക്കാരും കണക്കിലെടുക്കണം.
യുഡിഎഫിന്റെ മദ്യനയത്തിലുള്ള പാരമ്പര്യവും മാനിഫെസ്റ്റോയും മുഖവിലയ്ക്കെടുക്കണം. പൊതുസമൂഹത്തിന് അപകടകരമായ മദ്യനയത്തിന് സര്‍ക്കാര്‍ മുതിരരുത്. ശക്തമായ പ്രതിഷേധത്തിന് ഇതു കാരണമാകും.
ഓപ്പറേഷന് തൂഫാന് രാജ്യം കണ്ട ഏറ്റവും വലിയ ലഹരിവേട്ടയാണ്. മറ്റൊരു ലഹരിയുടെ വ്യാപനത്തിലൂടെ ഇതിന്റെ ശോഭ കെടുത്തരുതെന്നും ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നല്കിയ സന്ദേശത്തില്‍ ബിഷപ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു.